പാർലമെൻ്റിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വഖഫ് ബില്ലിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജെഡിയു നേതാക്കളായ മുഹമ്മദ് അഷ്റഫ് അന്‍സാരിയും മുഹമ്മദ് ഖാസിം അന്‍സാരിയും പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു. വഖഫിനെതിരായ കേന്ദ്രസർക്കാർ നിലപാട് കൈക്കൊണ്ടത് തങ്ങളെ നിരാശപ്പെടുത്തിയെന്നും ജെഡിയും ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ക്കെതിരായാണ് വഖഫ് ബില്‍ വര്‍ത്തിച്ചതെന്നും ഇവര്‍ പറഞ്ഞു.
‘ശുദ്ധ മതേതരത്വ ആശയങ്ങളുടെ പതാകാവാഹകനാണ് നിതീഷ് കുമാർ എന്നായിരുന്നു ലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിങ്ങളുടെ ഉറച്ചവിശ്വാസം. പക്ഷേ ആ വിശ്വാസം ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നു. അർപ്പണമനോഭാവമുള്ള ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് മുസ്ലിങ്ങളും തൊഴിലാളികളും ജെഡിയുവിൻ്റെ ഇപ്പോഴത്തെ നിലപാടിൽ ആഴത്തിൽ മുറിവേറ്റിരിക്കുകയാണ്. ബില്ലിനെ പിന്താങ്ങിക്കൊണ്ട് ലാലൻ സിങ് (രാജീവ് രഞ്ജൻ) ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൻ്റെ രീതിയും ശൈലിയും ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി. വഖഫ് ബിൽ ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരാണ്.’- ജെഡിയു ന്യൂനപക്ഷ വിഭാഗത്തിൻ്റെ നേതാവ് മുഹമ്മദ് അഷ്റഫ് അൻസാരി തൻ്റെ രാജിക്കത്തിൽ പരാമർശിച്ചു.
‘പാർട്ടിക്കായി എൻ്റെ ജീവിതത്തിൻ്റെ അനവധി വർഷങ്ങൾ ഉഴിഞ്ഞുവെച്ചതിൽ ഞാനിപ്പോൾ നിരാശനാണ്. ഞങ്ങളെപ്പോലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിങ്ങൾക്ക് നിതീഷ്കുമാർ പൂർണമായും ഒരു മതേതര പ്രത്യയശാസ്ത്രത്തിൻ്റെ പതാകാവാഹകനാണെന്ന അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നുവെന്ന് ബഹുമാനത്തോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇപ്പോൾ ആ വിശ്വാസം തകർക്കപ്പെട്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് സമർപ്പിതരായ ഇന്ത്യൻ മുസ്ലിങ്ങളും ഞങ്ങളെപ്പോലുള്ള തൊഴിലാളികളും ജെഡിയുവിൻ്റെ നിലപാടിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്.’- ഖാസിം അൻസാരി ഹിന്ദിയിൽ തയ്യാറാക്കിയ രാജിക്കത്തിൽ പറയുന്നു.