ബിഹാറിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഗംഗയുൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞതോടെ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായി. 11 ജില്ലകളിലായി 19 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പാറ്റ്നയിലെ ഗാന്ധിഘട്ടിൽ ഗംഗ അപകടകരമായ നിലയിൽ കരകവിഞ്ഞൊഴുകുകയാണ്.
ദുരന്തനിവാരണ വകുപ്പിൻ്റെ കണക്കനുസരിച്ച് ഗാന്ധിഘട്ടിൽ ഗംഗയിലെ ജലനിരപ്പ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിലയായ 50.57 മീറ്ററിലെത്തി. പാറ്റ്ന, ഭോജ്പൂർ, സരൺ, വൈശാലി, ഭാഗൽപൂർ, ബെഗുസരായി, ബക്സർ, സമസ്തിപൂർ, മുംഗേർ, കതിഹാർ, അരിയ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
സംസ്ഥാനത്തെ 330 ഗ്രാമപഞ്ചായത്തുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഗംഗയ്ക്ക് പുറമെ ഭാഗ്മതി, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക്, പുന്പുന്, ഘാഘ്ര തുടങ്ങിയ പ്രധാന നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ഇതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം വ്യാപിക്കാനുള്ള ആശങ്ക ശക്തമായി.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ 27 സംഘങ്ങളും ദേശീയ ദുരന്തനിവാരണ സേനയുടെ 10 സംഘങ്ങളും രംഗത്തുണ്ട്. ദുരിതബാധിതരെ രക്ഷപ്പെടുത്തുന്നതിനായി 1,345 ബോട്ടുകളും ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനത്തിൻ്റെ വലിയൊരു ഭാഗം പ്രളയബാധിതമായ സാഹചര്യത്തിൽ ബിഹാറിലെ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും നിയമസഭാ പ്രതിപക്ഷ നേതാവും ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡണ്ടുമായ തേജസ്വി യാദവ് ആവശ്യപ്പെട്ടു.