രാജ്യതലസ്ഥാനത്തെ നടുക്കിയ അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യനികേതനിലെ പി.ജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഒമ്പത് പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടത്തിൽ കോളേജ് വിദ്യാർഥികളാണ് താമസിച്ചിരുന്നത്. അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നതായാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലർ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരിൽനിന്ന് ഇപ്പോഴും ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അപകടസ്ഥലം സന്ദർശിച്ച എംഎൽഎ അനിൽ ശർമ പറഞ്ഞു. പരിക്കേറ്റ ആറുപേർ എയിംസിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾ നീക്കി കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.