ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം അസമിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കണ്ടെത്താനായി വ്യോമസേനയുടെയും കരസേനയുടെയും പ്രത്യേക സംഘങ്ങൾ പ്രദേശം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയാണ്. അസമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനം ഏകദേശം 60 കിലോമീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്.
ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. വിമാനം തകർന്നു വീണതായി പിന്നീട് സ്ഥിരീകരിച്ചു. വിമാനത്തിൻ്റെ സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.