ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചതിനെ തുടർന്നാണ് പാലം തകർന്നത്.
പാലം തകർന്നതോടെ ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്വരകളിലേക്കുള്ള ഏക റോഡ് ഗതാഗതം തടസപ്പെട്ടു. കൈലാഷ് മാനസരോവർ തീർഥാടകർ ഉൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി തകർന്ന പാലത്തിന് പകരം താത്കാലിക ബദൽ പാത നിർമിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.