അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ നാലായി. 35,000ത്തിലധികം പേരെ പ്രളയം ബാധിച്ചിരിക്കുകയാണ്. അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ മഴ തുടരുന്നതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയിലാണ് അധികൃതർ.
തിങ്കളാഴ്ച രാത്രി കാണാതായ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ലഖിംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ദുരിതം അനുഭവിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം 35,696 പേരാണ് ജില്ലയിൽ മാത്രം പ്രളയബാധിതരായത്.
സോനിത്പൂർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറു ജില്ലകളിലായി 12 റവന്യൂ സർക്കിളുകളും 99 ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ദുരിതബാധിതർക്കായി 20 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സോനിത്പൂർ ജില്ലയിൽ നിന്ന് 16 പേരെ സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. 1,100 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായതോടെ കർഷകർക്ക് വൻ നഷ്ടമുണ്ടായി. നിരവധി വളർത്തുമൃഗങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയതായി റിപ്പോർട്ടുകളുണ്ട്.