മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ അലവിൽ സ്വദേശിയാണ്. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കൾക്കൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റുള്ളവർ കർണാടക – യു പി സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് നാലുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാൾ ചികിത്സയിൽ തുടരുകയാണ്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
റോഡരികിലെ തണൽമരത്തിലിടിച്ചാണ് കാർ പൂർണമായും തകർന്നത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും തുടർന്ന് മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് അപകടത്തിന് പിന്നിലെ പ്രാഥമിക നിഗമനം. പഠനം പൂർത്തിയാക്കി വെറും രണ്ടുമാസം മുൻപാണ് ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലി നേടിയത്. ഒരേ കോളേജിൽ പഠിച്ചിരുന്ന ഇവർ ജോലി ലഭിച്ചതിൻ്റെ സന്തോഷത്തിൽ വീണ്ടും ഒത്തുചേർന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് യാത്ര ദാരുണ അപകടത്തിൽ കലാശിച്ചത്.
ബെംഗളൂരുവിൽ ജോലി ആരംഭിച്ച ശേഷം ഏറെ നാളുകൾക്ക് ശേഷം ഒന്നിച്ചുള്ള യാത്രയായിരുന്നു ഇത്. എന്നാൽ മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതോടെ നാലു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിച്ച യുവാക്കളെ മരണമാണ് വഴിമധ്യേ കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുംഭം പ്രദേശം സ്ഥിരം അപകടമേഖലയാണെന്നും ഇവിടെ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാർ വീണ്ടും ഉന്നയിച്ചു.