നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള ദൗത്യവുമായി കർണാടക സർക്കാർ മുന്നോട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തിലെ 435 കിലോമീറ്റർ നീളത്തിലുള്ള നടപ്പാതകളിൽ നിന്ന് 9,878 കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. അഞ്ച് കോർപറേഷൻ പരിധികളിലായി നടന്ന പ്രത്യേക പരിശോധനയും ഒഴിപ്പിക്കൽ നടപടികളും വിലയിരുത്താനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒഴിപ്പിച്ച കയ്യേറ്റങ്ങളിൽ 1,340 പെട്ടിക്കടകളും 1,800 ഉന്തുവണ്ടികളും 2,267 അനധികൃത നിർമിതികളും ഉൾപ്പെടുന്നു. അതേസമയം, ഉപജീവനമാർഗം നഷ്ടപ്പെടാതിരിക്കാൻ തെരുവുകച്ചവടക്കാർക്കായി പ്രത്യേക വ്യാപാര സോണുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപ്പാതകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതെന്ന് നഗരവികസന മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. പ്രതിഷേധങ്ങൾ ഉണ്ടായാലും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നും സർക്കാർ ഈ വിഷയത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുകച്ചവടക്കാരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts