ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റിലും സെപ്റ്റംബറിലും അഞ്ച് വീതം സർവീസുകളാണ് ഇരു ദിശകളിലുമായി നടത്തുക. പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കെ.ആർ.പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
എറണാകുളം–ബെംഗളൂരു എസ്.എം.വി.ടി. എക്സ്പ്രസ് (06147) ഓഗസ്റ്റ് 9, 16, 23, 30, സെപ്റ്റംബർ 6 തീയതികളിൽ രാത്രി 11.10-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരു എസ്.എം.വി.ടി. സ്റ്റേഷനിലെത്തും.
ബെംഗളൂരു എസ്.എം.വി.ടി.–എറണാകുളം എക്സ്പ്രസ് (06148) ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7 തീയതികളിൽ വൈകിട്ട് 4.00-ന് എസ്.എം.വി.ടി.യിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളം ജങ്ഷനിലെത്തും.