പീനിയ സെക്കൻഡ് സ്റ്റേജിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന 29കാരിയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. ഒന്നാം നിലയിലെ ജനൽ വഴിയാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് പരാതി. കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന യുവതിയെ പിന്നിൽനിന്ന് അക്രമി പിടികൂടുകയായിരുന്നു. ശബ്ദമുണ്ടാക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തിൽ ആദ്യം കൈകൊണ്ടും പിന്നീട് ദുപ്പട്ട ഉപയോഗിച്ചും മുറുക്കി. ശ്വാസംമുട്ടിയ യുവതി ബോധരഹിതയായി വീണു.

ബോധം വീണ്ടെടുത്തപ്പോഴാണ് ഏകദേശം 50 ഗ്രാം തൂക്കമുള്ള മംഗല്യചെയിൻ നഷ്ടപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. ഏകദേശം ₹5 ലക്ഷം വിലവരുന്ന സ്വർണമാലയ്ക്ക് പുറമെ അലമാര കുത്തിത്തുറന്ന് ₹30,000 പണവും കവർന്നു. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് ബന്ധുവിൻ്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. അഞ്ച് വയസ്സുള്ള മകൾ സ്കൂളിലുമായിരുന്നു. ഭർത്താവും പിതാവും തിരിച്ചെത്തിയശേഷം യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കോ-ലീഗൽ കേസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ബ്യാദരഹള്ളി പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇയാളുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Related Posts