ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ കുമ്പള പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയായ ലാലാ കബീറും കൂട്ടാളിയായ മുഹമ്മദ് മിർഷാനും പിടിയിലായി. ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനെതിരെ കേരളത്തിലും കർണാടകയിലുമായി കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ മൈസൂരു ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ വീണ്ടും ലഹരിക്കടത്ത് ശൃംഖലയിൽ സജീവമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ അന്തർസംസ്ഥാന ലഹരിമാഫിയയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരിവിരുദ്ധ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

Related Posts