തൃശൂർ നെടുപുഴയിൽ വളർത്തുമീനിന് തീറ്റ നൽകാൻ പോയതിനിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിൻ്റെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

ഇന്നലെയാണ് അഞ്ചംഗസംഘം കോൾപാടത്തുള്ള വളർത്തുമീനുകൾക്ക് തീറ്റ നൽകാനായി ബോട്ടിൽ പോയത്. പാടത്തിന് നടുവിലെത്തിയപ്പോൾ ബോട്ട് നിയന്ത്രണം വിട്ട് മുങ്ങുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ഇന്നലെ തന്നെ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തെരച്ചിലിലാണ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts