എറണാകുളം ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ.യു.അഭിലാഷ്, എൻ.നവാസ്, എം.വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.
ഹിൽപാലസ് പൊലീസ് ക്യാമ്പിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് മൂവരെയും മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും അധികൃതർ പിടിച്ചെടുത്തു.
തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ കെ. യു.അഭിലാഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മറ്റ് രണ്ട് ഉദ്യോഗസ്ഥരായ നവാസിനെയും വിഷ്ണുവിനെയും ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ബ്രെത്ത് അനലൈസർ പരിശോധനയും തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയും നടത്തി. ഇരുവരും മദ്യപിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കെഎപി ഒന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റിനെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.