കുട്ടികളിൽ സിനിമയും സീരിയലുകളും വലിയ തോതിൽ ദുഃസ്വാധീനം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി. പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിൻ്റെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുട്ടികളിൽ അക്രമോത്സുകത വർധിച്ചുവരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം ഏങ്ങനെയാണ് ഇതിനെ നേരിടേണ്ടതെന്നത് വർത്തമാനത്തിൽ തീർക്കേണ്ടതല്ല, വിശദമായ അപഗ്രഥനം വേണ്ടതാണ്. കുറ്റകൃത്യങ്ങൾ എന്ന നിലയ്ക്കുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.

പലതും സാധാരണ പോലീസിൻ്റെ പരിധിക്ക് പുറത്തുള്ളതാണ്. ഒറ്റപ്പെട്ട് പരിശോധിക്കേണ്ട ഏകമുഖമായ കാര്യമായിട്ടല്ല കാണേണ്ടത്. പലമുഖങ്ങളും പല തലങ്ങളുമുള്ള വിഷയമാണിത്. ഇന്ന് നമ്മൾ വിശദമായി ചർച്ച ചെയ്തു, ചർച്ചയോടെ ഇത് അവസാനിപ്പിക്കുയല്ല വേണ്ടത്.

അങ്ങനെ അവസാനിപ്പിക്കാൻ കഴിയുന്ന വിഷയമല്ലിത്. അതീവഗൗരവമുള്ള വിഷയമായിത് സർക്കാർ കാണുന്നു. പൊതുസമൂഹത്തിൻ്റെ വികാരം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടുള്ള നിലപാടും നടപടികളും വേണം’, മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികൾ സർക്കാർ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. കേവലമായ ക്രമസമാധാന പ്രശ്‌നം മാത്രമായല്ല,

അതിനപ്പുറത്താണ്. സാമൂഹിക മാനമുള്ള, അതിഗൗരവമായ വിഷയമാണിത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തിനിഷ്‌ടമായ തലത്തിലേക്കോ രാഷ്ട്രീയ തലത്തിലേക്കോ ചുരുക്കി കാണാൻ പാടില്ല. കുട്ടികളിലെ ആക്രമണോത്സുകത ലോകമാകെ ചർച്ചചെയ്യുന്ന കാലമാണിത്.
ലോകത്തിൻ്റെ പല ഭാഗങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നു

എന്നത് കേരളത്തിൽ ഇത് ഉണ്ടാവുന്നതിനുള്ള ന്യായീകരണമല്ല. സവിശേഷമായ സംസ്കാരവും ജീവിതസാഹചര്യവും നമ്മുടെ നാടിനുണ്ട്. അതിന് നിരക്കുന്നത് മാത്രമേ ഇവിടെ സംഭവിക്കാൻ പാടുള്ളൂ. അതിന് നിരക്കാത്ത രീതിയിലാണ് ഇപ്പോൾ സംഭവങ്ങൾ വന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വല്ലാതെ ഇന്ന് അസ്വസ്ഥമാണ് ഇളം തലമുറ. മുതലാളിത്തവും ആധുനിക മുതലാളിത്തവും അതിൻ്റെ ഭാഗമായി വന്ന പുതിയ കമ്പോളവ്യവസ്ഥയും അതിൻ്റെയെല്ലാം ഭാഗമായി ഉയർന്നുവന്ന അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും കുട്ടികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്.

ഒപ്പമുള്ളവനെ തോൽപ്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത ഈ മത്സരം കുട്ടികളിൽ വളർത്തുന്നു. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികൾ മാറുന്നു. ആഗോളവത്കരണ സമ്പദ്‌വ്യവസ്ഥയും അതുണ്ടാക്കുന്ന കമ്പോളമത്സരങ്ങളും യുവ മനസുകളിൽ ഒപ്പമുള്ളവർ ശത്രുക്കളെന്ന ചിന്തയാണ് വളർത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബാല്യത്തിലെ ഒറ്റപ്പെടലുകളും കുടുംബ സാഹചര്യങ്ങളും കുട്ടികൾക്ക് മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്നേഹമുണ്ടാക്കാത്ത അവസ്ഥയുണ്ടാക്കുന്നു. കുട്ടിയോടൊപ്പം സന്തോഷവും സങ്കടവും പങ്കിടാൻ ചില വീടുകളിൽ ആരുമില്ല. ഓരോരുത്തരും അവരുടെ സ്വകാര്യ ലോകങ്ങളിലാണ്.

രക്ഷിതാക്കൾ എങ്ങനെ രക്ഷിതാക്കളായി മാറണമെന്ന കാര്യവും സമൂഹത്തിൽ ബോധവത്കരണം ആവശ്യമുള്ള കാര്യമാണ്. കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷൻ വരുന്നു. അതിൽനിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ അച്ഛനും അമ്മയും കൂട്ടിയുടെ ശത്രുക്കളായി മാറുന്നു. ഒരു സിനിമയിൽ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്. ആ സിനിമ കണ്ട് കുട്ടികൾ ഗുണ്ടാസംഘത്തലവന്മാരുടെ കൂടെ പോയതായി പോലീസ് റിപ്പോർട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Posts