ആന ഇടഞ്ഞ് അനിഷ്ട സംഭവങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ ആനയെ ക്ഷേത്രോത്സവത്തിൽ നിന്ന് ഒഴിവാക്കി അതുവഴി മിച്ചം വരുന്ന തുകയ്ക്ക് നിർധന കുടുംബത്തിന് വീടുവെച്ചു നൽകാനുള്ള മാതൃകാപരമായ തീരുമാനം കൂടി എടുത്തിരിക്കുകയാണ് കുമരകം ശ്രീകുമാരമംഗലം ദേവസ്വം.
ഉത്സവത്തിൻ്റെ ദിവസങ്ങളിൽ 4 ശാഖകളിൽ നിന്ന് നടക്കുന്ന എഴുന്നള്ളിപ്പ് ആനയ്ക്ക് പകരം രഥം ഉപയോഗിച്ച് നടത്തും. ആന ഇടഞ്ഞ് അനിഷ്ട സംഭവങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് ശ്രീകുമാരമംഗലം ദേവസ്വം 8 ദിവസം നീണ്ട ക്ഷേത്രോത്സവത്തിൽ നിന്ന് ആനയെ ഒഴിവാക്കിയത്.
ദേവസ്വത്തിൻ്റെ തീരുമാനത്തിന് വിവിധ കോണുകളിൽനിന്ന് അനുമോദനം ഉണ്ടായതിന് പിന്നാലെയാണ് നിർധന കുടുംബത്തിന് കൈത്താങ്ങാകാനുള്ള തീരുമാനം കൂടി കൈക്കൊണ്ടത്. നൂറ്റാണ്ടിലധികം പഴക്കമുള്ള ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മാർച്ച് 3 ന് ആരംഭിക്കുന്ന ഉത്സവം 10 നാണ് സമാപിക്കുക.
കുമരകത്തെ നാല് എസ്എൻഡിപി ശാഖകൾ ചേർന്ന ശ്രീകുമാരമംഗലം ദേവസ്വമാണ് ക്ഷേത്രത്തിൻ്റെ ഭരണസമിതി. മുൻപ് എഴുന്നള്ളിപ്പിനായി മൂന്ന് ആനകളെ വരെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ഇക്കുറി ഉത്സവത്തിനായി ഒരാനയെ ബുക്ക് ചെയ്തിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം യോഗം ചേർന്ന് ആനയെ ഒഴിവാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.