മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ജില്ലയിൽ സ്വതന്ത്രമായ വായു ശ്വസിച്ചുകൊണ്ട് സമുദായ അംഗങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി സമ്മേളനത്തിലാണ് വെള്ളാപ്പിള്ളിയുടെ വിവാദപരാമർശം.
സമുദായ അംഗങ്ങൾ മലപ്പുറത്തുകാർക്കിടയിൽ ഭയന്ന് വിറച്ചാണ് ജീവിക്കുന്നത്. സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണ് – വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ് എൻ ഡി പി യോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിൻ്റെ ഗുണഫലങ്ങളുടെ ഒരംശം പോലും പിന്നോക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അല്ലാതെ ഒരു കോളേജോ പള്ളിക്കൂടമോ ഉണ്ടോ? മലപ്പുറത്തെ പിന്നാക്ക വിഭാഗം വോട്ടുകുത്തിയന്ത്രങ്ങളാണ്. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. സംഘടിച്ച് വോട്ടുബാങ്കായി നിന്നിരുന്നെങ്കിൽ നമുക്കും ഇതെല്ലാം നേടാനായേനെയെന്നും അദ്ദേഹം പറഞ്ഞു.