ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് ലഭിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരുന്ന് കുഞ്ഞിന് നൽകുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായതായി കുടുംബം പറഞ്ഞു.
2024 ജൂണിൽ നിർമിച്ചതും രണ്ട് വർഷം കാലാവധിയുള്ളതുമായ ഓയിന്റ്മെന്റാണ് നൽകിയതെന്നാണ് വിവരം. വീട്ടിലെത്തി മരുന്നിൻ്റെ കാലാവധി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം മുമ്പ് കാലാവധി അവസാനിച്ചതായി കണ്ടെത്തിയത്. തുടർന്ന് കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ജലദോഷവും കഴുത്തിലെ അലർജിയുമായാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയ്ക്ക് ശേഷം വലിയ പ്രശ്നമില്ലെന്നും ഓയിന്റ്മെന്റ് പുരട്ടിയാൽ മതിയെന്നും ഡോക്ടർ നിർദേശിച്ചു. ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോഴാണ് മരുന്ന് ലഭിച്ചത്.
അതേസമയം, ഇത്തരത്തിലുള്ള മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ മരുന്ന് നൽകിയതായി രേഖപ്പെടുത്തിയ ടിക്ക് മാർക്ക് കുറിപ്പടിയിലുണ്ട്. കൂടാതെ സർക്കാർ ആശുപത്രികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന ഓയിന്റ്മെന്റാണ് കുഞ്ഞിന് നൽകിയതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
കാലാവധി കഴിഞ്ഞ മരുന്ന് ആശുപത്രി ഫാർമസിയിൽ എങ്ങനെ എത്തി, സ്റ്റോക്കില്ലെന്ന് പറയുന്ന മരുന്ന് രോഗിക്ക് എങ്ങനെ വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി വ്യക്തത വരേണ്ടത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അന്വേഷണം തുടരുകയാണ്.