ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കാൻ സംസ്ഥാന സർക്കാർ. ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ ജാമ്യവ്യവസ്ഥ കർശനമാക്കുന്നതിനും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുമുള്ള സാധ്യത പരിശോധിച്ച് ഗതാഗതവകുപ്പ് നിയമോപദേശം തേടി. ആഭ്യന്തര വകുപ്പുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
നിലവിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടത്തിൽ മരണമോ ഗുരുതര പരിക്കുകളോ സംഭവിക്കുന്ന സാഹചര്യത്തിലാണ് സാധാരണയായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത്. ഇതിൽ മാറ്റം വരുത്തുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.
റോഡ് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ‘കേരള റോഡ് സുരക്ഷാ മിഷൻ’ ഉടൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗതാഗതമന്ത്രി വൈസ് ചെയർമാനായും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി മന്ത്രിമാർ അംഗങ്ങളായുമുള്ള ഉന്നതതല സമിതിയും രൂപീകരിച്ചു. പദ്ധതിയുടെ പ്രവർത്തനം പിന്നീട് പഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും. ബോധവൽക്കരണത്തിനൊപ്പം കർശന നിയമനടപടികളും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി റോഡ് സുരക്ഷാ പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.