ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി എന്നും നിലനിൽക്കുന്നു എന്നതാണ് എം. ടി.യുടെ സിനിമകളെ എക്കാലത്തും പ്രസക്തമാക്കുന്നതെന്ന് റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി പറഞ്ഞു.
“സർഗ്ഗാത്മകസാഹിത്യത്തിൻ്റെ തിളക്കവും ആഴത്തിലുള്ള സാമൂഹികബന്ധവും സമന്വയിപ്പിച്ച എം. ടി.യുടെ സിനിമകൾ, ഒരു വ്യക്തിയുടെ ദുരന്തം ആ സമൂഹത്തിൻ്റെ തന്നെ പ്രതിഫലനമാകുന്നത് എങ്ങനെയെന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.” തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ ‘കഥാപാത്രങ്ങളും സമൂഹവും എം. ടി. സിനിമകളിൽ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷീജ ഷാജി ചർച്ച ഉദ്ഘാടനം ചെയ്തു. ‘എം.ടി.വാസുദേവൻ നായരുടെ സിനിമകളിൽ കഥാപാത്രങ്ങളും അവർ ജീവിക്കുന്ന സമൂഹവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. നിർമ്മാല്യം മാറുന്ന സമൂഹത്തിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന വേദന കാണിക്കുന്നു.ഒരു വടക്കൻ വീരഗാഥ ഒരാളെ വിധിക്കുന്നതിന് മുമ്പ് അയാളുടെ പക്ഷവും കേൾക്കണമെന്ന് ഓർമിപ്പിക്കുന്നു. പെരുന്തച്ചൻ, പരിണയം എന്നീ ചിത്രങ്ങൾ അഭിമാനം, ബന്ധങ്ങൾ, ആചാരങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവയിലെ സംഘർഷങ്ങൾ അവതരിപ്പിക്കുന്നു. ഉത്തരം ഒരു യുവതിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നിലെ സത്യം അന്വേഷിക്കുന്ന സിനിമയാണ്. വൈശാലി വരൾച്ച മാറ്റാൻ ഋഷ്യശൃംഗനെ രാജ്യത്തേക്ക് കൊണ്ടുവരാൻ നിയോഗിക്കപ്പെടുന്ന യുവതിയുടെ കഥയാണ്. രണ്ട് ചിത്രങ്ങളും കഥാപാത്രങ്ങളുടെ ഉള്ളിലെ വേദനയും സമൂഹം അവരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും കാണിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികൾക്കൊപ്പം അവരുടെ സാഹചര്യങ്ങളും മനസ്സിലാക്കാൻ എം. ടി.യുടെ സിനിമകൾ നമ്മെ പഠിപ്പിക്കുന്നു’ അവർ അഭിപ്രായപ്പെട്ടു

പി.മോഹൻദാസ് അധ്യക്ഷത വഹിച്ച സെമിനാറിലെ ചർച്ചയിൽ ബി.എസ്.ഉണ്ണികൃഷ്ണൻ, സി.കുഞ്ഞപ്പൻ, ദിവാകര മേനോൻ, രവിശങ്കർ, ആർ.വി.പിള്ള, ശ്രീകണ്ഠൻ നായർ, കല്പന പ്രദീപ്, സംസാരിച്ചു. പ്രദീപ്.പി പി നന്ദി പറഞ്ഞു.

Related Posts