തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂറോളജി വിഭാഗത്തിൽ ലഭ്യമല്ലാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഇതോടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു കരുതുന്നത്. രാവിലെ ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകൾ ആരംഭിച്ചു.
ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെ ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിൻ്റെ തുറന്നു പറച്ചിൽ ശസ്ത്രക്രിയ കാത്തിരുന്ന രോഗികൾക്ക് ഏറെ ആശ്വാസമാണ് പകർന്നിരിക്കുന്നത്.
ഉപകരണങ്ങൾക്കു ക്ഷാമമുണ്ടായിരുന്നു എന്ന ഡോ.ഹാരിസിൻ്റെ വെളിപ്പെടുത്തൽ യാഥാർഥ്യമാണെന്നു തെളിഞ്ഞതായി രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ചയാണ് ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികൾ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ഡോ.ഹാരിസ് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയത്.
ആരോഗ്യമന്ത്രിയും മറ്റ് അധികൃതരും ഇതു വൻവിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വിഷയം പരിശോധിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു.