സംസ്ഥാനത്ത് അതിതീവ്ര മഴയും പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് അഭ്യർഥിച്ചു. ഓഗസ്റ്റ് 2, 3 തീയതികളിൽ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

മഴ ശക്തമായി തുടരുന്നതും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതും യാത്ര ദുഷ്കരമാക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് ബോർഡിന്റെ അഭ്യർഥന. പകരമായി ഓഗസ്റ്റ് 16 മുതൽ 21 വരെ നടക്കുന്ന ചിങ്ങമാസ പൂജകൾക്കും ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കുന്ന ഓണപൂജകൾക്കും ദർശനം നടത്താമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും, മലയോര മേഖലകളിലേക്കും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലേക്കും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts