കൊച്ചി നഗരത്തിൽ പരീക്ഷണാർഥം ട്രാം സർവീസ് ആരംഭിക്കാൻ പദ്ധതി. കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമറ്റഡ് (കെഎംആർഎൽ) ആണ് ട്രാം ട്രെയിൻ സർവീസ് എന്ന പദ്ധതി സർക്കാരിനുമുന്നിൽ വച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിൻ്റെ പരിഗണയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് സാധ്യതാപഠനം നടത്താൻ ഗവൺമെന്റ്റ് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ.
പ്രാഥമിക പഠനത്തിൽ കൊച്ചി നഗരത്തിലെ തിരക്കേറിയ ഏതാനും റൂട്ടുകളിൽ ബ്രിസ്ബേൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒരു സർക്കാർ ഏജൻസി വഴി വിശദമായ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആ d) തയാറാക്കാനും തീരുമാനിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രമുഖ നഗര ഗതാഗത കൺസൾട്ടൻസി സ്ഥാപനമായ അർബൻ മൊബിലിറ്റി ട്രാൻസ്പോർട്ട് കമ്പനി, കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ സംയുക്ത സംരഭമാണ് ട്രാം സർവീസുകൾ. ഇവർ തന്നെ കൊച്ചിയിൽ സാധ്യതാ പഠനം നടത്താൻ സന്നദ്ധത അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. എന്നാൽ പഠനം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിൻ്റെ അനുമതി നിർബന്ധമാണ്.