കോവിഡ് മഹാമാരിയും ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളും കാരണം ആറു വർഷമായി നിലച്ചിരുന്ന നാഥുലാ ചുരം വഴിയുള്ള വ്യാപാരം വീണ്ടും ആരംഭിച്ചു. സിക്കിമിലെ ഷെറാതാങിനെ ടിബറ്റിലെ റിൻചെൻഗാങ്ങുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ സിൽക്ക് റൂട്ടിൻ്റെ ഭാഗമായ നാഥുലാ ചുരമാണ് വീണ്ടും പ്രവർത്തനക്ഷമമായത്.
2020-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള വ്യാപാരം നിർത്തിവച്ചിരുന്നു. പിന്നീട് അതിർത്തിയിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും കാരണം സേവനം പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടു. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതിനാൽ നാഥുലാ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങൾ കേടുപാടുകൾ സംഭവിച്ചിരുന്നു. വ്യാപാരം പുനരാരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയും ചൈനയും ചേർന്ന് അവ പുനഃസ്ഥാപിച്ചു.
അതിർത്തി മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുക, സാംസ്കാരിക കൈമാറ്റം വർധിപ്പിക്കുക, അതിർത്തിയിലെ സമാധാനവും വിശ്വാസവും മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇരു രാജ്യങ്ങളും തമ്മിൽ അടുത്തിടെ നടന്ന നയതന്ത്ര-ഉന്നതതല ചർച്ചകളുടെ ഫലമായാണ് നാഥുലാ ചുരം വീണ്ടും തുറക്കാൻ ധാരണയായത്. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.