2026 ജനുവരി മുതൽ സെപ്റ്റംബർ വരെ ട്രെയിൻ ഇടിച്ച് ആനകൾ ചെരിയുന്നത് ഒഴിവാക്കാൻ നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ഇടപെടലിലൂടെ 255 ആനകളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ആനകളുടെ സഞ്ചാരപാതകളിൽ എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം, നിരീക്ഷണം, ട്രെയിൻ വേഗനിയന്ത്രണം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
റെയിൽപാതയ്ക്ക് സമീപം ആനകളുടെ സാന്നിധ്യം കണ്ടെത്തിയാൽ ലോക്കോ പൈലറ്റുമാർക്ക് ഉടൻ മുന്നറിയിപ്പ് ലഭിക്കും. തുടർന്ന് ട്രെയിൻ വേഗം കുറയ്ക്കുകയോ ആവശ്യമായാൽ നിർത്തുകയോ ചെയ്താണ് കൂട്ടിയിടി ഒഴിവാക്കുന്നത്. അലിപുർദ്വാർ, റംഗിയ, ലംഡിങ്, ടിൻസുകിയ ഡിവിഷനുകളിലാണ് ഈ സംവിധാനം പ്രധാനമായും നടപ്പാക്കുന്നത്.
ഇതിനുപുറമെ വനംവകുപ്പുമായി ചേർന്നുള്ള പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ‘പ്ലാൻ ബി’യുടെ ഭാഗമായി തേനീച്ചക്കൂട്ടത്തിൻ്റെ ശബ്ദം അനുകരിക്കുന്ന ശക്തമായ ശബ്ദസിഗ്നലുകളും ഉപയോഗിക്കുന്നു. ആനകൾക്ക് തേനീച്ചകളുടെ ശബ്ദത്തോടുള്ള സ്വാഭാവിക ഭയം പ്രയോജനപ്പെടുത്തി അവയെ റെയിൽപാതയിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യം.