പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകൾ സമരത്തിലേക്ക്. സമരത്തിൻ്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. പ്രിയദർശിനി പദ്ധതി മൂലം ബസുടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം കാണുക, പ്രവർത്തനച്ചെലവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും വർധന വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ടുവയ്ക്കുന്നത്.
സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. രണ്ടാംഘട്ടമായി ഒക്ടോബർ അവസാനവാരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്ക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.