കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്സുമായി ചേർന്ന് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷമായ ‘KKS പൊന്നോണം 2026 ‘ ഗംഭീരമായ പരിപാടികളാൽ ആഘോഷിച്ചു. കുന്ദലഹള്ളിയിലെ CMRIT കോളേജിലെ വേദിയായ ‘ധ്വനി’ ഈ കഴിഞ്ഞ ഞായറാഴ്ച്ച സാക്ഷ്യം വഹിച്ചത്.
വിപുലവും വൈവിധ്യവും വർണ്ണാഭവുമാർന്ന കലാപരിപാടികൾക്കായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച നൃത്ത-നൃത്യ-സംഗീത പരിപാടികൾ കാണികളെ ഏറെ രസിപ്പിച്ചു. രാവിലെ 9 മണിക്ക് ചെണ്ടമേളത്തോടെയായിരുന്നു തുടക്കം. പിന്നീട് കലാപരിപാടികൾ ഓരോന്നായി വേദിയിലെത്തുകയായിരുന്നു. മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി ആഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മഞ്ജുള ലിംബാവലിക്കൊപ്പം മാർക്ക് ഓൺ ഹോംസിൻ്റെ പ്രതിനിധിയായ അബ്ദുൾ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗേഴ്സിലെ ഈ വർഷത്തെ വിജയികളായ കുമാരി ശിവപ്രിയ, മാസ്റ്റർ അർജ്ജുൻ, കുന്ദലഹള്ളി കേരള സമാജം പ്രസിഡണ്ട് രജിത്ത് ചെനാരത്ത്, സെക്രട്ടറി അജിത് കോടോത്ത് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. സ്വാഗതം സമാജം വൈസ് പ്രസിഡണ്ട് ശാന്തയും നന്ദി വൈസ് പ്രസിഡണ്ടായ ഗോപാലകൃഷ്ണനും നിർവ്വഹിച്ചു. രജിത്ത് അദ്ധ്യക്ഷപ്രസംഗം നടത്തി. സമാജം ഭാരവാഹികൾ അതിഥികൾക്ക് സ്നേഹോപഹാരം നൽകി സമാജത്തിൻ്റെ ആദരവ് അറിയിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന കുടുംബകൂട്ടായ്മയും അതുവഴി പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന സ്നേഹത്തിൻ്റെയും ഒത്തൊരുമയുടേയും സംസ്കാരത്തെ പറ്റി, അതിൻ്റെ പ്രാധാന്യത്തെപ്പറ്റി പ്രിയപ്പെട്ട എംഎൽഎ സൂചിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൻ്റെ ഭാഗമായി ഇറക്കിയ സ്മരണികയുടെ പ്രകാശനകർമ്മം അബ്ദുൾ, പ്രശസ്ത ചിത്രകലാകാരനായ ഷഫീക് പുനത്തിലിന് നൽകി നിർവ്വഹിച്ചു. ഷഫീക്കാണ് സ്മരണികയുടെ മുഖചിത്രം ആലേഖനം ചെയ്തത്.
ഈ വർഷം എൺപതാം ജന്മദിനം ആഘോഷിക്കുന്ന സമാജത്തിലെ മുതിർന്ന അംഗങ്ങളെ സമാജം ഭാരവാഹികൾ ആദരിച്ചു. സമാജത്തിൻ്റെ ഇന്നത്തെ പുരോഗതിയിൽ അവർ അതിയായ സന്തോഷം പ്രകടിപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ സമാജം അഭിനന്ദിക്കുകയും തങ്ങളുടെ സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. മാർക്ക് ഓൺ ഹോംസുമായി ചേർന്ന് നടത്തിയ പൂക്കളമത്സരത്തിലേയും റീൽസ് മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനദാനം അബ്ദുൾ നിർവ്വഹിക്കുകയുണ്ടായി. പൂക്കളമത്സരത്തിന് സമ്മാനർഹരായ അക്ഷയജിത്തും സംഘവും, പ്രഫുലും സംഘവും, നതാഷയും സംഘവും സമ്മാനങ്ങൾ ഏറ്റുവാങ്ങി. റീൽസ് മത്സരത്തിലെ വിജയികളെ ഇന്നലെ ആഘോഷത്തിനിടയിൽ പ്രഖ്യാപിച്ചത് വിജയികളെ അമ്പരപ്പിച്ചു. ഒന്നാം സമ്മാനം നേടിയ സജയ് വാര്യർ, കുമാരി അനന്ദിത, ഗീത അത്തിക്കൽ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
മണ്മറഞ്ഞ കഥാകാരി ഇ പി സുഷമയുടെ ഓർമ്മയ്ക്കായി നടത്തിയ കഥാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും വേദിയിൽ വെച്ച് നടത്തുകയുണ്ടായി. വിജയികളായ സിന്ധു ഗാഥ, രമ പിഷാരടി, അനിൽ രോഹിത് എന്നിവർ തങ്ങളുടെ പുരസ്കാരം ഏറ്റുവാങ്ങി.
ഉച്ചയ്ക്കുശേഷം അരങ്ങേറിയ മെഗാഷോ അക്ഷരാർത്ഥത്തിൽ കാണികളെ ഇളക്കി മറിച്ചു. ഗായകരായ കുമാരി ശിവപ്രിയ, മാസ്റ്റർ അർജ്ജുൻ, കലാഭവൻ ഷിജു, അശ്വതി രമേഷ്, ഷബിൻ രാജ് എന്നിവർ നയിച്ച സംഗീതവിരുന്ന് കേൾവിക്കാരെ ആനന്ദത്തിൽ ആറാടിച്ചു. നാടൻപാട്ട് ഗായകനായ സുരേഷ് പള്ളിപ്പാറയുടെ ഗാനങ്ങൾ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുവാങ്ങി. പാട്ടിൻ്റെ അകമ്പടിയോടെ അരങ്ങേറിയ മയിലാട്ടവും തെയ്യവും കണ്ണിനും മനസ്സിനും കുളിർമ്മയേകുന്നതായിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട പ്രകടനം കാണികളെ ഏറെ സംതൃപ്തരാക്കി. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ ആഘോഷങ്ങൾക്ക് സമാപ്തിയായത് രാത്രി എട്ടുമണിയോടെയാണ്.
സ്വാദിഷ്ടമായ ഭക്ഷണവും സ്റ്റാളുകളും ഓണാഘോഷത്തിന് എത്തിയവരെ ഏറെ ആകർഷിക്കുകയുണ്ടായി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി നറുക്കെടുപ്പും സമ്മാനദാനങ്ങളുമൊക്കെ ഉണ്ടായിരുന്നു.
മഹേഷ്, ജയലക്ഷ്മി, കുമാരി അനന്ദിത, മാസ്റ്റർ ഹരിശങ്കർ എന്നിവർ ചേർന്ന് നടത്തിയ അവതരണവും ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു. പരിപാടികൾ അവതരിപ്പിച്ച എല്ലാവരെയും ഭാരവാഹികൾ സമ്മാനം നൽകി ആദരിച്ചു. സമാജം അംഗങ്ങളെ കൂടാതെ ക്ഷണിതാക്കളായി എത്തിയ വ്യക്തികൾ, കേട്ടറിഞ്ഞു വന്നവർ, നാട്ടിൽ നിന്നും വന്ന കുടുംബാംഗങ്ങൾ അങ്ങനെ നിരവധി ആളുകളാണ് ഓണാഘോഷത്തിനായി CMRIT യിൽ ഒത്തുചേർന്നത്. കുന്ദലഹള്ളി കേരളസമാജത്തിലെ ഭാരവാഹികളുടേയും അംഗങ്ങളുടേയും കൂട്ടായ പരിശ്രമഫലമായാണ് ഓണാഘോഷം ഇത്രയും മനോഹരമായി നടത്താൻ പറ്റിയതെന്ന് ഏവരും ഒരേ സ്വരത്തോടെ സമ്മതിക്കുകയും സംഘാടകരെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.
ആഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമാകണം എന്ന ഉദ്ദേശത്തോടെ പ്ലാസ്റ്റിക് ഒഴിവാക്കി പകരം സ്റ്റീൽ പത്രങ്ങൾ ഉപയോഗിച്ചാണ് എന്നും കുന്ദലഹള്ളി കേരളസമാജം പരിപാടികൾ സംഘടിപ്പിക്കാറ്. ഇത്തവണയും അതിന് മാറ്റമൊന്നും വരുത്താതെയാണ് സമാജം ഓണാഘോഷം നടത്തിയത്. നടത്തിയത്.
