കാശ്മീർ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്നും ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ദേശീയ പഞ്ചായത്ത് രാജ് ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മോദിയുടെ പരാമർശം. ബിഹാറിൽ ഒരു മിനിറ്റ് മൗനം ആരംഭിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്.
ഭീകരാക്രമണത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചുനീക്കും പഹൽഗാമിൽ ആക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഇന്ത്യ ഒറ്റക്കെട്ടായാണ് ഭീകരാക്രമണത്തിൽ രോഷം പ്രകടിപ്പിക്കുന്നത്. ഭീകരരെ കണ്ടെത്തി ശിക്ഷിക്കും. ഈ സമയത്ത് ഞങ്ങൾക്കൊപ്പം നിൽക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും രാഷ്ട്രനേതാക്കൾക്കും മോദി നന്ദി അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.