തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 64,400 രൂപയിലും ഗ്രാമിന് 8,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 30 രൂപ ഉയർന്ന് 6,630 രൂപയിലെത്തി. സ്വർണ്ണവില ഫെബ്രുവരി 25 ന് പവന് 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയിരുന്നു. തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്.
ഈ മാസത്തിൻ്റെ തുടക്കത്തിൽ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. മൂന്നുദിവസം കൊണ്ട് ആയിരം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച ഔൺസിന് 2,894 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണ്ണവില ഇന്ന് 2,919 ഡോളർ വരെയെത്തി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്