തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുദ്ധവും ശാസ്ത്രവും തമ്മിലുള്ള ബന്ധം പഴയകാലത്ത് ശാസ്ത്രം മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായിരുന്നെങ്കിലും, പിന്നീട് യുദ്ധങ്ങൾ കാരണം ശാസ്ത്രം പ്രധാനമായും ആയുധ വികസനത്തിലേക്ക് തിരിഞ്ഞു. ലോക മഹായുദ്ധങ്ങൾ ശാസ്ത്രത്തിന്റെ ദുരുപയോഗത്തിന് വലിയ ഉദാഹരണങ്ങളാണ്.
റഡാർ, മിസൈൽ, സ്റ്റെൽത്ത് വിമാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ യുദ്ധത്തിൽ വളർന്നു. ഇന്നത്തെ യുദ്ധങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രധാന പങ്ക് വഹിക്കുന്നു. ഇത് വേഗത്തിൽ ലക്ഷ്യങ്ങൾ കണ്ടെത്താനും ആക്രമണങ്ങൾ നടത്താനും സഹായിക്കുന്നു, പക്ഷേ മനുഷ്യരുടെ നിയന്ത്രണം കുറയുകയും തെറ്റുകൾ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സഞ്ജീവ് ചിറക്കൽ അഭിപ്രായപ്പെട്ടു
AI ഉപയോഗിക്കുന്ന യുദ്ധം കൂടുതൽ അപകടകരമാണ്, കാരണം അത് വേഗത്തിൽ വലിയ നാശം വരുത്താനും സിവിലിയൻ മരണങ്ങൾ വർദ്ധിപ്പിക്കാനും ഇടയാക്കുന്നു. കൂടാതെ, ഈ സാങ്കേതികവിദ്യകൾ വലിയ കമ്പനികൾക്ക് ലാഭം നേടാനുള്ള മാർഗമായി മാറിയിട്ടുണ്ട്. അവസാനം, ശാസ്ത്രം മനുഷ്യർക്കു ഉപകാരപ്രദമായി ഉപയോഗിക്കണമെന്നതും, യുദ്ധത്തിനായി ഉപയോഗിക്കുന്നത് മനുഷ്യരാശിക്ക് ഭീഷണിയാണെന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്നത്തെ ശാസ്ത്രം നാളത്തെ അറിവിന്റെ ഭാഗമായി മാറുന്നു. അങ്ങനെ രൂപപ്പെടുന്ന അറിവുകളല്ലാതെ മറ്റൊന്നും നമ്മുടെ വിജ്ഞാനാബന്ധരത്തിലില്ല. അതുകൊണ്ടുതന്നെ എല്ലാ യുദ്ധങ്ങളിലും പുത്തൻ അറിവുകൾ ഉപയോഗപ്പെടുത്തിയിരുന്നു, യുദ്ധം ആവശ്യപ്പെടുന്ന കണ്ടുപിടുത്തങ്ങൾ അതിവേഗം ഉണ്ടാകുകയും ചെയ്തതാണ് ചരിത്രം. ദിവസങ്ങളും ആഴ്ചകളും നീണ്ടുനിൽക്കുന്ന യുദ്ധതന്ത്രങ്ങൾ സെക്കൻ്റുകൾക്കകം . നിർമ്മിത ബുദ്ധിയിലൂടെ സ്വായത്തമായിട്ടുണ്ട്.
യുദ്ധം നമ്മുടെയൊക്കെ അടുക്കള വരെ എത്തിനിൽക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് – ആക്രമിക്കുന്ന രാജ്യമോ ആക്രമിക്കപ്പെടുന്ന രാജ്യമോ മാത്രമല്ല യുദ്ധക്കെടുത്തികൾ അനുഭവിക്കുന്നത്. അത് ലോകമാകെ പ്രത്യാഘാദങ്ങൾ സൃഷ്ടിക്കും, മാനവൻ നേടിയ എല്ലാ നേട്ടങ്ങളേയും ബാധിക്കും.
ഈ അവസരത്തിൽ ഐൻസ്റ്റീൻ പറഞ്ഞത് നോക്കുക – മൂന്നാം ലോകമഹായുദ്ധം എന്തെല്ലാം നാശമുണ്ടാക്കും എന്നെനിക്ക് നിച്ചയമില്ല, എന്നാൽ നാലാം ലോകമഹായുദ്ധം എങ്ങനെ ആയിരിക്കും എന്നത് പറയാൻ കഴിയും – അത് (ശിലയുഗത്തിലേതുപോലെ) കല്ലും മരവും ഉപയോഗിച്ചായിരിക്കും എന്ന് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ. വി. ആചാരി അഭിപ്രായപ്പെട്ടു.
പി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചർച്ചയിൽ ശ്രീകണ്ഠൻ നായർ, ഷീജ റെനീഷ് , പൊന്നമ്മദാസ്, കല്പനപ്രദീപ് എന്നിവർ സംസാരിച്ചു. ആർ.വി. പിള്ള, ഇ. ആര്. പ്രഹ്ളാദൻ, തങ്കമ്മ സുകുമാരൻ എന്നിവർ കവിതകൾ ആലപിച്ചു. പിള്ള എം.ബി, പ്രദീപ് പി പി എന്നിവർ നന്ദി പറഞ്ഞു.