തൃശൂർ ആനന്ദപുരത്തെ കള്ളുഷാപ്പില്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് അറസ്റ്റിലായി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഷാപ്പില് മദ്യപിച്ചുകൊണ്ടിരുന്ന വിഷ്ണു വഴക്കുണ്ടാക്കിയതറിഞ്ഞ് എത്തിയതായിരുന്നു യദുകൃഷ്ണന്. ഇരുവരും ഷാപ്പില് ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം.
വിഷ്ണു കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് ഷാപ്പിന് മുന്‍വശത്തേക്ക് എത്തുന്നതിനു മുന്‍പേ വിഷ്ണു രക്ഷപ്പെട്ടു. വിഷ്ണുവിനായി പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷ്ണു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.
സംഭവത്തിനുശേഷം ഷാപ്പില് നിന്നിറങ്ങിയ വിഷ്ണു രാത്രി വൈകി വീട്ടിലെത്തിയിരുന്നു. പൂട്ടികിടന്ന വാതിലിൻ്റെ താഴ് കരിങ്കല്ലുകൊണ്ട് തകര്‍ത്തു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് പത്രം വായിക്കുന്നതിനിടെയാണ് യദുകൃഷ്ണന് മരിച്ച വിവരം വിഷ്ണു അറിയുന്നത്. ഇതോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട വിഷ്ണു സമീപത്തെ പറമ്പില്‍ ഒളിച്ചിരിക്കുമ്പോഴാണ് പോലീസ് അന്വേഷിച്ച് എത്തിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പുതുക്കാട് പോലീസ് എസ്എച്ച്ഒ വി. സജീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.