കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൻ്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഇന്ത്യയുടെ അഭിമാനമായ, ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, മനോഹരമായ കശ്മീരിൻ്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്.
ഒരു മലയാളിയും അവിടെ ജീവൻ നഷ്ടമായവരിൽ ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ രാമചന്ദ്രൻ്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. കശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും സഹായം ആവശ്യമായവർക്കും, ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ നിന്ന് വിവരങ്ങൾ നൽകുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യം ഒരുക്കി. നിലവിൽ ലഭിച്ച 49 രജിസ്‌ട്രേഷനിലൂടെ 575 പേർ കാശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ചികിത്സാ സഹായം, യാത്രാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർ യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവർക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്.