ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇമെയില്‍ സന്ദേശത്തിലൂടെയാണ് ഏപ്രില്‍ 22 ന് രണ്ടുതവണയായി വധഭീഷണി ഉണ്ടായിരിക്കുന്നത്. ഐഎസ്ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗൗതം ഗംഭീര്‍ സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിൻ്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തന്റെ കുടുംബത്തിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ഗംഭീർ ആവശ്യപ്പെട്ടു. ഇമെയിൽ വഴി ഏപ്രിൽ 22ന് ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ (“IKillU.”) എന്നാണ് സന്ദേശം ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെൻ്റ് അംഗമായിരുന്നപ്പോഴും ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്സില്‍ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നുമായിരുന്നു കുറിപ്പ്. ഇതിനു പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഐഎസ്ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് ഗംഭീര്‍ നല്കിയ പരാതിയില്‍ പറയുന്നു.