കാലാവധി കഴിഞ്ഞതിനാല്‍ പൊളിക്കാൻ നിർദേശം നല്കിയ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച് വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം. കൊല്ലം പുനലൂരിലാണ് സംഭവം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടരുടെ പേരില്‍ 15 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ബുള്ളറ്റാണ് വ്യാജ രേഖ ചമച്ച് വീണ്ടും രജിസ്ട്രേഷന് എത്തിച്ചത്.
പുനലൂർ സബ് ആർടി ഓഫീസില്‍ ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വി.എസ്. സിമോദ് പരിവാഹൻ സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കൃത്രിമം തെളിഞ്ഞത്. തുടർ നടപടികള്‍ക്കായി വ്യാജരേഖകള്‍ ജോയിന്റ് ആർടിഒ സുനില്‍ ചന്ദ്രൻ പുനലൂർ പൊലീസിന് കൈമാറി. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കെഎല്‍ -01 എവി 4409 എന്ന നമ്ബരിലെ ബൈക്കാണ് വീണ്ടും രജിസ്ട്രേഷന് എത്തിച്ചത്.
രജിസ്ട്രേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് പൊളിക്കുന്നതിനായി വാഹനം സ്വകാര്യ കമ്ബനിക്ക് കൈമാറി. വാഹനത്തിൻ്റെ രജിസ്ട്രേഷൻ നിയമപരമായി റദ്ദുംചെയ്തിരുന്നു. ഇതേ വാഹനം ഹിമാചല്‍പ്രദേശില്‍ രജിസ്റ്റർ ചെയ്തതായി വ്യാജരേഖകള്‍ ചമയ്ക്കുകയായിരുന്നു. സൈന്യം ലേലം ചെയ്ത വാഹനമെന്ന നിലയിലായിരുന്നു ഇതിൻ്റെ രജിസ്ട്രേഷൻ.