രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവനം’ പദ്ധതിയില്‍ നിർമ്മിക്കുന്ന പുതിയ വീടിൻ്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നടി അനുശ്രീ പങ്കെടുത്തു. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങള്‍ക്ക് വീട് നിർമ്മിച്ച് നല്‍കുന്ന എംഎല്‍എയുടെ പദ്ധതിയാണ് ‘സ്‌മെെല്‍ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതില്‍ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു. മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സ്‌മൈല്‍ ഭവന പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫലിയായിരുന്നു വന്നത്. അതിനുശേഷം നടൻ സൈജു കുറുപ്പും മുഖ്യാതിഥിയായെത്തി. അതുകഴിഞ്ഞ് നടി തൻവി റാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ അനുമോളാണ് ചടങ്ങിനെത്തിയത്. പാലക്കാട് വരെ വന്ന് ഈ പരിപാടിയില്‍ സഹകരിച്ച അനുവിനോട് നന്ദി പറയുന്നതായും രാഹുല്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എ ആയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ആളുകള്‍ ചോദിച്ചത്. വീടില്ലാത്തവർക്ക് വീടുവച്ചുകൊടുക്കുമെന്നാണ് അന്ന് പറഞ്ഞത്. വോട്ട് തേടി പോയ സമയത്ത് ടാർപോളിൻ ഷീറ്റ് മറച്ച വീടുകളില്‍ ആളുകള്‍ കിടക്കുന്നത് കണ്ടിരുന്നെന്നും ഇതാണ് ഈ പദ്ധതിക്ക് പ്രചോദനമായത് – രാഹുല്‍ മുൻപ് പ്രതികരിച്ചിരുന്നു.