താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കും രാജി ചർച്ചകൾക്കും പിന്നാലെ നടി ശ്വേത മേനോൻ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെ സംഘടനയുടെ നേതൃത്വത്തിലെത്താൻ അനുവദിക്കില്ലെന്ന നിലപാട് അവർ ആവർത്തിച്ചു.

താൻ സംഘടനയിൽ ഉള്ളിടത്തോളം ആരോപണവിധേയർ ‘അമ്മ’യുടെ തലപ്പത്ത് എത്തില്ലെന്നും, ആ നിലപാട് ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും ശ്വേത വ്യക്തമാക്കി. തൻ്റെ പോരാട്ടം വ്യക്തികൾക്കെതിരെയല്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട അധികാരകേന്ദ്രങ്ങൾക്കെതിരെയാണെന്നും അവർ പറഞ്ഞു.

സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ആരോപണവിധേയർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചുവെന്നും, തനിക്കെതിരായ നീക്കങ്ങൾ പുതിയതല്ലെന്നും ശ്വേത ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകൾക്കൊപ്പം തുടക്കം മുതൽ നിന്നിട്ടുണ്ടെന്നും അത് മാധ്യമശ്രദ്ധയ് ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും അവർ കുറിച്ചു.

സംഘടനയിലെ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ മറുപടിക്ക് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും ശ്വേത ആരോപിച്ചു.

തനിക്കെതിരെ ഉയർന്ന ബിജെപി ബന്ധ ആരോപണങ്ങൾക്കും ശ്വേത മറുപടി നൽകി. താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട സാഹചര്യമില്ലെന്നും, ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയവും മതവും വർഗീയതയും സംഘടനയിലേക്ക് കൊണ്ടുവന്ന് ‘അമ്മ’യെ വിഭജിക്കാൻ ശ്രമിക്കരുതെന്നും, തനിക്കെതിരായ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ശ്വേത അഭ്യർഥിച്ചു. സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Related Posts