വോട്ടർപട്ടിക വിവാദത്തിനും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും ശേഷം ആദ്യമായാണ് സുരേഷ്ഗോപി തൃശൂരിലെത്തിയത്. ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നു പുലർച്ചെ എത്തിയ സുരേഷ് ഗോപി ഇന്ന‌ലെ സിപിഎം-ബിജെപി സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. പിന്നീട് പാർട്ടി ഓഫിസിലേക്ക് പോയി പ്രവർത്തകരുമായി ചർച്ച നടത്തും. തുടർന്ന്, സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി നടത്തുന്ന മാർച്ചിനെ അഭിസംബോധന ചെയ്യും.
തിരഞ്ഞെടുപ്പിനു മുൻപ് വ്യാജ സത്യവാങ്മൂലം നൽകി തൃശൂരിലേക്ക് വോട്ടുമാറ്റിയെന്ന പരാതിയിൽ പൊലീസ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

തൃശൂരിനു പുറമേ കൊല്ലത്തും സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നു. വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ സിപിഎം ബിജെപി ഓഫിസിലേക്കും പിന്നീട് ബിജെപി സിപിഎം ഓഫിസിലേക്കും ഇന്നലെ മാർച്ച് നടത്തിയതിനെത്തുടർന്ന് സംഘർഷമുണ്ടായി.

സുരേഷ് ഗോപി ജനാധിപത്യ വോട്ടവകാശത്തെ അട്ടിമറിച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകർ സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു. തുടർന്ന് സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി. ഇതേതുടർന്നാണ് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

Related Posts