ഇന്ത്യ-യുഎസ് ബന്ധം വ്യാപാരത്തീരുവ വിഷയത്തിൽ വഷളായിരിക്കേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനകൾ. സെപ്റ്റംബർ മാസം ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ മോദി അമേരിക്കയ്ക്ക് പോയേക്കുമെന്നും തീരുവ വിഷയത്തിൽ തർക്കം നിലനിൽക്കെ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോദി ട്രംപിനെ കൂടാതെ യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ന്യൂയോർക്കിൽ സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലി നടക്കുന്നത്.ട്രംപ്-മോദി കൂടിക്കാഴ്ച നടക്കുന്ന പക്ഷം, 7 മാസത്തിനിടെ ഇരുനേതാക്കളും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.