സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ ആരോപിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ നിലപാട്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക, റൂട്ടുകളും സമയക്രമങ്ങളും പുതുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

എന്നാൽ ഈ നിർദേശങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.

Related Posts