മധ്യപ്രദേശിലെ സാഗറിൽ മദ്യം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് ഒമ്പത് പേർ മരിച്ചു. ഇന്നലെ രാത്രി മദ്യം കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർ ചികിത്സയിലുണ്ട്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ഒമ്പത് പേരുടെയും മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. വിഷമദ്യമാണ് മരണകാരണമെന്ന സംശയമുണ്ടെങ്കിലും ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
മദ്യം എവിടെനിന്നാണ് ലഭിച്ചതെന്നും സംഭവത്തിന് അനധികൃത മദ്യവിതരണ ശൃംഖലയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളിൽനിന്നും പ്രദേശവാസികളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമാനമായി കൂടുതൽ പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മാസം ഗുജറാത്തിലെ ഭാവ്നഗറിലും വിഷമദ്യമെന്ന് സംശയിച്ച സംഭവത്തിൽ 13 പേർ മരിച്ചിരുന്നു. പരിശോധനയിൽ മദ്യത്തിൽ 38.59 ശതമാനം മെഥനോൾ കണ്ടെത്തിയിരുന്നു.