അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ലോകത്തെ പ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ചിരുന്ന ഒരു ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. തീ ആളിപ്പടർന്നതോടെ ജീവനക്കാർ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെട്ടു. ഹോർമുസ് മേഖലയിൽ മറ്റ് രണ്ട് എണ്ണടാങ്കറുകൾക്കും തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ സിറിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നിവിടങ്ങളിലെ സൈനിക കമാൻഡ് കേന്ദ്രങ്ങളെയാണ് അമേരിക്ക ലക്ഷ്യമിട്ട് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ശക്തമായ പ്രത്യാക്രമണം നടത്തിയതായി അറിയിച്ചു.
ബഹ്റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. ജോർദാനിൽ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇറാഖിലെ മറ്റൊരു ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായും യു.എസ്. സ്ഥിരീകരിച്ചു.
പ്രദേശത്ത് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്. ഇതിനിടെ പ്രശ്നപരിഹാരത്തിനായുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്താനിലേക്ക് തിരിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ നയതന്ത്ര നീക്കങ്ങളും തുടരുകയാണ്.