ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബിന്താങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യ സന്ദർശനത്തിനിടെയാണ് പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ പുരസ്‌കാരം കൈമാറിയത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ഇതോടെ മോദി ചരിത്രത്തിൽ ഇടംനേടി.

ഇന്തോനേഷ്യൻ റിപ്പബ്ലിക്കിൻ്റെ ഐക്യം, സമൃദ്ധി, രാജ്യാന്തര സഹകരണം എന്നിവയ്ക്കായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പരമോന്നത പുരസ്‌കാരം നൽകുന്നത്. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദി നൽകിയ സംഭാവനകളെ മാനിച്ചാണ് ബഹുമതി സമ്മാനിച്ചതെന്ന് പ്രസിഡണ്ട് പ്രബോവോ വ്യക്തമാക്കി.

ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്തോനേഷ്യൻ വ്യോമസേനയുടെ സുഖോയ്-30, എഫ്-16 യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തെ അകമ്പടി സേവിച്ചതും ശ്രദ്ധേയമായി.

സന്ദർശനത്തിനിടെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു. ഇരുരാജ്യങ്ങളുടെയും ദീർഘകാല സാംസ്കാരിക, സാമ്പത്തിക, പ്രതിരോധ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായതായി റിപ്പോർട്ടുകളുണ്ട്.

Related Posts