ഈ അധ്യയനവർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും. കേരളത്തിൽ 4,17,497 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതും. പരീക്ഷ 30ന് അവസാനിക്കും. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരുണ്ടാകും. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ഉണ്ടാകും.

മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും എക്‌സാമിനർമാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച‌ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിച്ച് 28ന് അവസാനിക്കും. 4,11,025 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും. 34,122 വിദ്യാർഥികൾ ഒന്നാംവർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതും.

ഫലപ്രഖ്യാപനം മെയ് 22ന് നടത്തും. മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർഥികൾ പരീക്ഷ എഴുതും. എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഉത്തരക്കടലാസ്‌ വിതരണം പൂർത്തിയായതായി മന്ത്രി അറിയിച്ചു.

Related Posts