സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയ്ക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 52-കാരിയുടെ പരിശോധനാഫലമാണ് നെഗറ്റീവായെത്തിയത്. പുണെയിലെ പ്രത്യേക ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയ്ക്ക് യാത്രയ്ക്ക് പിന്നാലെ കടുത്ത ഛർദിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എബോള വ്യാപന മേഖലയിൽ നിന്ന് എത്തിയെന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഉഗാണ്ടയിലും ഡി.ആർ. കോംഗോയിലും അടുത്തിടെ എബോള കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തിയത്. രോഗലക്ഷണങ്ങളും യാത്രാ പശ്ചാത്തലവും കണക്കിലെടുത്താണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനാഫലം നെഗറ്റീവായതോടെ എബോള ആശങ്കയ്ക്ക് വിരാമമായെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.