ബെംഗളൂരു-മംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ്റെ പരീക്ഷണ ഓട്ടം ഈ മാസം അവസാനത്തോടെ നടത്താനൊരുങ്ങി റെയിൽവേ. നേരത്തെ ജൂൺ 3-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷണ ഓട്ടം അവസാന നിമിഷം മാറ്റിവെച്ചിരുന്നു. സകലേശ് പൂരിനും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള 55 കിലോമീറ്റർ ദൈർഘ്യമുള്ള ചുരംപാതയിലാണ് പ്രധാന പരീക്ഷണം നടക്കുക. ഈ മേഖലയിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി നിയന്ത്രിച്ചിരിക്കുന്നതിനാൽ പ്രത്യേക ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (AEB) സംവിധാനം വന്ദേ ഭാരത് ട്രെയിനിൽ ഘടിപ്പിക്കേണ്ടതുണ്ട്.
നിശ്ചിത വേഗപരിധി ലംഘിച്ചാൽ ട്രെയിനിൻ്റെ വേഗം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് എഇബി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ട്രെയിനിൽ ഈ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അടുത്ത ആഴ്ച ട്രെയിൻ കർണാടകയിലെത്തുമെന്നുമാണ് അധികൃതർ അറിയിച്ചത്.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) ആയിരിക്കും പരീക്ഷണ ഓട്ടത്തിന് നേതൃത്വം നൽകുക. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി അനുമതി ലഭിച്ചാൽ ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതിലെ പ്രധാന സാങ്കേതിക തടസ്സം നീങ്ങും.
കഴിഞ്ഞ ഡിസംബറിലാണ് ഈ റൂട്ടിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത്. വന്ദേ ഭാരത് സർവീസ് യാഥാർഥ്യമായാൽ ബെംഗളൂരു – മംഗളൂരു യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുമെന്നാണ് പ്രതീക്ഷ.