മന്ത്രിമാരെയും അവരുടെ വകുപ്പുകലും തീരുമാനിക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവമാകുന്നു. ഇന്ന് വൈകിട്ടോടെ പട്ടിക ഗവർണർക്ക് കൈമാറിയേക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ധനവകുപ്പും ലഭിച്ചക്കാനാണ് സാധ്യത. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ.മുരളീധരൻ (ആരോഗ്യം), സണ്ണിജോസഫ് (റവന്യൂ), എ.പി.അനിൽകുമാർ (ടൂറിസം), എം.ലിജു (എക്സൈസ്), ചാണ്ടി ഉമ്മൻ (കായിക- യുവജനക്ഷേമം) പി.സി. വിഷ്ണുനാഥ് (ഉന്നത വിദ്യാഭ്യാസ വകുപ്പ് ) എന്നിങ്ങനെയാണ് ധാരണ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഒരു യുവ നേതാവിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മുതിർന്ന അംഗം ഈ സ്ഥാനത്തേക്ക് വരണമെന്ന ചിന്തയാണ് തിരുവഞ്ചൂരിന്റെ പേരിലേക്ക് എത്തിയത്.കോൺഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് തിരുവഞ്ചൂരുമായി സംസാരിച്ചു.
ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് കൃഷി വകുപ്പ് നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. റവന്യൂ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാർ ഉണ്ടാകും. നാളെ രാവിലെ 10നാണ് വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.