കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൻ്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിൻ്റെ കണ്ടെത്തൽ. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ നിഗമനം.
എൻജിൻ്റെ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫൊറൻസിക് വിഭാഗം പ്രശ്നങ്ങൾ കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ മോട്ടർവാഹന വകുപ്പും പരിശോധന നടത്തും.
യഥാർഥ കാരണം വ്യക്തമാകാൻ കൂടുതൽ വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപത് പതിനഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ചെറുവണ്ണൂർ സ്വദേശിയായ സോനയാണ് ദുരന്തത്തിൽ മരിച്ചത്.
ആറു മാസം ഗർഭിണിയായിരുന്നു സോന. സോനയെ ഡോക്ടറെ കാണിച്ച ശേഷം ഭർത്താവിനൊപ്പം സ്വിഫറ്റ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വണ്ടിയിൽ തീ പടർന്നത്.