പ്രശസ്ത നാടക കലാകാരനും ഗാനരചയിതാവുമായ വിജേഷ് കെ വി (49) അന്തരിച്ചു എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംവിധായകൻ, അഭിനയ പരിശീലകൻ, നാടക രചയിതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. കോഴിക്കോട് സ്വദേശിയാണ്.
ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ. തകരച്ചെണ്ട എന്ന ചിത്രത്തിൽ പാട്ടെഴുതിയാണ് ആദ്യമായി സിനിമ രംഗത്തേക്ക് കടക്കുന്നത്. മാൽഗുഡി ഡെയ്സ്, മൈ ഗ്രേറ്റ് ഫാദർ, ഫിലിപ്പ് ആൻഡ് ദി മങ്കിപെൻ, ഗോൾഡ് കോയിൻ, പുള്ളിമാൻ, മൈ ഗോഡ്, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. മലയാളികൾ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്.