വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പിന് മുന്‍പായി ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പാര്‍ട്ടിയില്‍ ഐക്യം ഉറപ്പാക്കാനുമാണ് ഈ നീക്കം. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്.
ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയെപറ്റിയുള്ള ചര്‍ച്ചകള്‍ നടത്തിയാല്‍ അത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വര്‍ദ്ധിപ്പിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ‘കൂട്ടായ നേതൃത്വത്തിന്’ കീഴിലാകും ഇത്തവണ കോണ്‍ഗ്രസ് വോട്ട് തേടുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താത്പര്യങ്ങളേക്കാള്‍ ‘വിജയസാധ്യതയ്ക്ക്’ മാത്രമായിരിക്കും മുന്‍ഗണനയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി. വേണുഗോപാല്‍ വ്യക്തമാക്കി. സ്വയം സ്ഥാനാര്‍ത്ഥിയായി ആരും പ്രഖ്യാപിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി.