അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും നിലവിൽ ജില്ലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.
മഴയുടെ ശക്തി കുറയുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായി പുറത്തിറങ്ങുന്നതും പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലാശയങ്ങൾ, പുഴകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം വീണ്ടും മുന്നറിയിപ്പ് നൽകി.