ബെംഗളൂരു നഗരത്തെ മാലിന്യമുക്തമാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA)യുടെ നേതൃത്വത്തിൽ ‘ഫ്രീഡം ഫ്രം ഗാർബേജ്’ പ്രത്യേക ശുചീകരണ ക്യാമ്പയിന് ഇന്ന് തുടക്കമായി. റോഡരികുകളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളും നിർമാണാവശിഷ്ടങ്ങളും നീക്കം ചെയ്ത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നകം പ്രധാന പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയാണ് ലക്ഷ്യം.
ബൃഹത് ശുചീകരണ യജ്ഞത്തിനായി കൂടുതൽ ശുചീകരണ തൊഴിലാളികളെയും മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളെയും ഹെവി മെഷീനുകളെയും വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾ, ബി.ബി.എം.പി., റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ട്മെന്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.
നഗരത്തിൽ അനധികൃതമായി മാലിന്യവും നിർമാണ അവശിഷ്ടങ്ങളും തള്ളുന്നവർക്കെതിരെ കർശന നടപടിയും പിഴയും തുടരുമെന്ന് അധികൃതർ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ പൊതുജനങ്ങളും സജീവമായി സഹകരിക്കണമെന്നും വീടുകളിൽ തന്നെ മാലിന്യങ്ങൾ തരംതിരിച്ച് നൽകണമെന്നും ജിബിഎ അഭ്യർഥിച്ചു.